കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തില്ല. അഞ്ചു ജോയിന്റ് ഡയറക്ടര്‍മാര്‍ നല്കിയ നിവേദനം തള്ളിക്കൊണ്ട് പെന്ഷന് പ്രായം 56ല്‍നിന്ന് 60 വയസാക്കി ഉയര്‍ത്താന്‍ കഴിയില്ലെന്നു വ്യക്തമാക്കി വകുപ്പ് അണ്ടര്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.
ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതിനു സമാനമായി തങ്ങള്‍ക്കും പ്രായപരിധി വര്‍ധിപ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പിലെ ജോയിന്റ് ഡയറക്ടര്മാര്മാരായ ഡോ. എ.സി. ഡേവിഡ്, ഡോ. എ.എല്‍. അജിത്, ഡോ. ബി. അജിത് ബാബു, ഡോ. ആര്. മിനി, ഡോ. പി.എസ്. ശ്രീകുമാര്‍ എന്നിവര്‍ 2025ല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. നിവേദനം പരിശോധിച്ച് നാലു മാസത്തിനകം തീരുമാനമെടുക്കാന്‍ ട്രൈബ്യൂണല്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള 10 അംഗ സമിതി സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് വരും വര്‍ഷങ്ങളില്‍ തൊഴിലില്ലായ്മയ്ക്ക് കാരണമാകുമെന്നു സൂചിപ്പിച്ചതിനോടൊപ്പം പെന്ഷന് പ്രായം ഉയര്‍ത്തിയാല്‍ സര്‍ക്കാരിനുണ്ടായേക്കാവുന്ന കോടിക്കണക്കിനു രൂപയുടെ അടിയന്തര പെന്ഷന് സാമ്പത്തിക ബാധ്യത മാറ്റിവയ്ക്കാന്‍ കഴിയുമെന്നും വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ടാണ് വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിനു നല്‍കിയത്.
അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ നിലവിലെ പ്രായപരിധി അനുസരിച്ച് 343 വെറ്ററിനറി ഡോക്ടര്‍മാരാണ് വിരമിക്കേണ്ടത്. ഇവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി നല്‍കേണ്ട തുക 36.83 കോടി രൂപയാണ്. അതേ നാലു വര്‍ഷ കാലയളവില്‍ 800ലധികം പുതിയ വെറ്ററിനറി ബിരുദധാരികള്‍ പഠിച്ചിറങ്ങും. ഇതില്‍ പിഎസ്സി വഴി പ്രതീക്ഷിക്കാവുന്ന നിയമനം 130 മാത്രമാണ്. താത്കാലിക, കരാര്‍ അടിസ്ഥാനത്തില്‍ 172 പേര്‍ക്കു കൂടി നിയമനം നല്കാന് സാധിച്ചേക്കും.
ദേശീയ പെന്ഷന് പദ്ധതി (എന്‍പിഎസ്) തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരുടെ പെന്ഷന് പ്രായം ഇതിനകം 60 ആയതിനാല്‍ വിരമിക്കല്‍ പ്രായം വീണ്ടും ഉയര്‍ത്തിയാല്‍ വരും വര്‍ഷങ്ങളില്‍ പുതിയ ഉദ്യോഗാര്‍ഥികള്‍ക്കു നിയമനം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.